ജയ്പൂർ: രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി ബിജെപി. സംസ്ഥാനത്തെ പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒൻപതിലും ബിജെപി ഭരണസമിതി (ബോർഡ്) രൂപീകരിച്ചു. ആകെയുള്ള നഗര പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ 204 ഇടങ്ങളിൽ ബിജെപി അധികാരം പിടിച്ചെടുത്തപ്പോൾ, കോൺഗ്രസിന് 96 ഇടങ്ങളിൽ മാത്രമാണ് ഭരണം നേടാനായത്.
മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രചാരണവും താഴേത്തട്ടിലെ സംഘടനാ പ്രവർത്തനങ്ങളുമാണ് ബിജെപിക്ക് ഈ കൂറ്റൻ വിജയമൊരുക്കിയത്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഏറ്റവും ശ്രദ്ധേയമായത് ആദിവാസി മേഖലകളിൽ ബിജെപി ഉണ്ടാക്കിയ നേട്ടമാണ്. ആദിവാസി വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ബൻസ്വാര, ദുൻഗർപൂർ, പ്രതാപ്ഗഢ് ജില്ലകളിലെ ഒൻപത് നഗരസഭകളിൽ ഏഴ് എണ്ണത്തിലും ബിജെപി ഭരണസമിതി രൂപീകരിച്ചു.
കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വൻ മുന്നേറ്റം നടത്തിയ ഭാരത് ആദിവാസി പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടിയായി. ആദിവാസി ഭൂരിപക്ഷ മേഖലകളിലെ ഒരു നഗരസഭയിൽ പോലും ബോർഡ് രൂപീകരിക്കാൻ പാർട്ടിക്ക് സാധിച്ചില്ല.
ശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവമാണ് ബിഎപിക്ക് വിനയായതെന്നാണ് വിലയിരുത്തൽ. അതേസമയം, വികസന മുദ്രാവാക്യങ്ങളും ആർഎസ്എസിന്റെ ഉപസംഘടനയായ വനവാസി കല്യാൺ പരിഷത്തിന്റെ പ്രവർത്തനങ്ങളും മേഖലയിൽ ബിജെപിക്ക് അടിത്തറ പാകാൻ സഹായിച്ചു. അടുത്തതായി വരാനിരിക്കുന്ന പഞ്ചായത്തീരാജ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്കും ബിജെപി തുടക്കം കുറിച്ചുകഴിഞ്ഞു.